Blog Detaisl

പ്രവാചകചര്യ ശാശ്വത രക്ഷാമാർഗം: ക്യു.കെ.ഐ.സി

ദോഹ: പ്രയാസകരമായ ജീവിതാനുഭവങ്ങളിൽ  സുരക്ഷാ ബോധം പകരുന്ന കവചമാണ് തിരുനബിയുടെ ജീവിതചര്യ  എന്നും പ്രവാചകന്റെ ഇഹലോകത്ത് നിന്നുള്ള വേർപാടിനെ വിശ്വാസികൾ ഏറ്റവും വലിയ വിപത്തായി കാണുന്നുവെന്നും ഖത്തർ കേരള ഇസ്‌ലാഹി സെന്റർ സംഘടിപ്പിച്ച വിജ്ഞാന വിരുന്ന് അഭിപ്രായപ്പെട്ടു. മനുഷ്യന്റെ ശാശ്വത ജീവിതം പരലോകമാണെന്നാണ് ലോകാനുഗ്രഹിയായ പ്രവാചകൻ പഠിപ്പിച്ചതെന്നും അവിടെ വിജയിക്കാനവശ്യമായ മുഴുവൻ കാര്യങ്ങളും നമ്മെ പഠിപ്പിച്ചാണ് അദ്ദേഹം വിടവാങ്ങിയതെന്നും 'പ്രവാചക സ്നേഹം തെറ്റും ശരിയും' എന്ന വിഷയത്തിൽ പ്രഭാഷണം നടത്തിയ ഉമർ ഫൈസി കൂട്ടിച്ചേർത്തു.ഏതെങ്കിലും ഒരു ദിവസം പ്രവാചകനെ അനുസ്മരിക്കുക എന്നതിലുപരി ഒരോ നിമിഷവും അദ്ദേഹത്തെ അനുസരിക്കുകയും അനുകരിക്കുകയും ചെയ്യുക എന്നതാണ് യഥാർത്ഥ പ്രവാചക സ്നേഹമെന്നും അദ്ദേഹം ഉണർത്തി. 
പുതുതലമുറയുടെ വീഡിയോ ഗെയിമുകളോടുള്ള അഭിനിവേശം അവരെ വലിയ അപകടങ്ങളിലേക്കാനെത്തിക്കുന്നതെന്നും, സമാധാന അന്തരീക്ഷം പകർന്നിരുന്ന വീടകങ്ങൾ ഗെയിമുകളോടുള്ള അടിമത്വത്തിലൂടെ പ്രയാസകരമായ സാഹചര്യങ്ങളിലേക്ക് നയിക്കപ്പെടുന്നുവെന്നും  'വിനാശം വിതക്കുന്ന ഗെയിമുകൾ' എന്ന വിഷയത്തിൽ സംസാരിച്ച റഫീഖ് സലഫി ചൂണ്ടിക്കാട്ടി

ക്യു.കെ. ഐ.സി പ്രസിഡന്റ് മുജീബ്റഹ്മാൻ മിശ്കാത്തി അധ്യക്ഷത വഹിച്ച പരിപാടിയിൽ അബ്ദുൽ കഹാർ സ്വാഗതവും, മുഹമ്മദലി മൂടാടി നന്ദിയും പറഞ്ഞു. ക്വിസ് മത്സരത്തിലെ വിജയികൾക്കുള്ള  സമ്മാന ദാനത്തിനു കെ.ടി.ഫൈസൽ സലഫി നേതൃത്വം നൽകി.