ദോഹ: ആധുനിക മനുഷ്യൻ നേരിടുന്ന നിരവധിയായ പ്രശ്നങ്ങൾക്ക് ഇസ്‌ലാമിന് കൃത്യമായ പരിഹാരം നിർദ്ദേശിക്കാനാകുമെന്നും ഇസ്‌ലാം പഠിപ്പിച്ച ധാർമിക മൂല്യങ്ങളെകുറിച്ച് അറിയാൻ നാം ശ്രമിച്ചാൽ പരിഹാരം സാധ്യമാണെന്നും ഖത്തർ മതകാര്യ വകുപ്പിന് കീഴിൽ ശൈഖ് അബ്ദുല്ലാഹ് ബിൻ സൈദ് ആലു മഹ്മൂദ് ഇസ്ലാമിക് കൾച്ചറൽ സെന്റർ സംഘടിപ്പിച്ച കേരള കോൺഫറൻസ് അഭിപ്രായപ്പെട്ടു.
ഏത് സാമൂഹിക സാഹചര്യങ്ങളിലും ഒരു വിശ്വാസി ജീവിക്കേണ്ടത് അഭിമാനപൂർവമായിരിക്കണം. ഒരിക്കലും നാം നിരാശനായി ജീവിക്കേണ്ടവരല്ല
ആത്മാഭിമാനം കാത്തുസൂക്ഷിക്കാനും പ്രശ്‌നങ്ങൾക്ക് പരിഹാരം നിർദ്ദേശിക്കുന്നവരാവാനും നമുക്ക് സാധിക്കണം. നിരന്തരമായ പഠനങ്ങൾ വഴി പുതിയ ജീവിത വെളിച്ചം തേടാൻ തയ്യാറാവുന്നതിലൂടെ മാറ്റങ്ങൾ സാധ്യമാകണം. വ്യക്തിജീവിതത്തിലും സാമ്പത്തിക ജീവിതത്തിലും നാം ശുദ്ധരാകണം.സമൂഹത്തിലെ താഴേക്കിടയിലുള്ളവരെ പരിഗണിക്കുകയും ചേർത്ത് നിർത്തുകയും വേണം. ജീവിതപ്രശ്നങ്ങളിൽ സമചിത്തത കൈവിടാതെ ക്ഷമിക്കാൻ നാം പരിശീലനം നേടണം. കുടുംബജീവിതത്തിൽ ഇതാണ് പ്രവാചകരും അനുയായികളും നമ്മെ പഠിപ്പിച്ച ഇസ്‌ലാമെന്നും കോൺഫറൻസ് സദസ്യരെ ഉണർത്തി.
ഇസ്‌ലാം വിമർശനങ്ങളെ ഇസ്‌ലാം പഠിപ്പിച്ച സാമൂഹിക നന്മകൾ ജീവിതത്തിൽ പകർത്തുന്നതിലൂടെ നേരിടാൻ നാം പരിശീലിക്കണം. ഇസ്‌ലാമിക ഭരണം നിലനിന്നിരുന്ന രാജ്യങ്ങളിൽ വിവിധ സമൂഹങ്ങൾ സഹവർത്തിത്വത്തോടെ ജീവിച്ച നിരവധി ചരിത്രങ്ങൾ നമ്മുടെ മുൻപിൽ ഉണ്ട്. ഇന്ന് ഇസ്‌ലാമിനെ വികൃതമാക്കാനുള്ള ബോധപൂർവമായ ശ്രമങ്ങളെ ചരിത്ര പഠനത്തിലൂടെ നമുക്ക് പ്രതിരോധിക്കാൻ സാധിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. വ്യക്തിജീവിതവും കുടുംബ-സാമൂഹിക ജീവിതവും സന്തുലിതമായി മുന്നോട്ട് കൊണ്ടുപോവാൻ നാം പുലർത്തേണ്ട ജീവിത മൂല്യങ്ങളെ സംബന്ധിച്ചും, പ്രവാസികൾ നേരിടുന്ന പുതിയകാലത്തിന്റെ വെല്ലുവിളികളെയും അവക്കുള്ള പരിഹാരങ്ങളും സമ്മേളനം ചർച്ച ചെയ്തു.
ഇസ്‌ലാമിക് കൾച്ചറൽ ഡിപ്പാർട്മെന്റ് മേധാവി ഡോ. അഹ്മദ് അബ്ദുറഹീം അത്തഹാൻ കേരള കോൺഫറൻസ് ഉദ്ഘാടനം ചെയ്ത കോണ്ഫറൻസിൽ താജുദ്ദീൻ സ്വലാഹി മുഖ്യപ്രഭാഷണം നിർവഹിച്ചു. അബ്ദുൽ റഷീദ് അൽകൗസരി, മുജീബ് റഹ്‌മാൻ മിശ്കാത്തി, കെ ടി ഫൈസൽ സലഫി, മുഹമ്മദലി മൂടാടി എന്നിവർ സംബന്ധിച്ചു
Media & Press Wing