ദോഹ: വിദ്യാർത്ഥികളുടെ സർഗ്ഗശേഷി സാമൂഹിക നന്മക്ക് ഉതകും വിധം ഫലപ്രദമായി ഉപയോഗിക്കാൻ രക്ഷിതാക്കൾ മുൻകൈയ്യെടുക്കണമെന്നും, ധാർമ്മിക വിദ്യാഭ്യാസത്തിന് ഊന്നൽ കൊടുക്കുന്നിടത്തേ സാമൂഹിക നന്മകൾ വളരുകയുള്ളൂവെന്നും ലോക കേരള സഭ മെമ്പറും, പ്രമുഖ സാമൂഹിക പ്രവർത്തകനുമായ അബ്ദുറഊഫ് കൊണ്ടോട്ടി പ്രസ്താവിച്ചു. ഖത്തർ കേരള ഇസ്‌ലാഹി സെന്ററിനു (ക്യു.കെ.ഐ.സി) കീഴിൽ പ്രവർത്തിക്കുന്ന അൽമനാർ മദ്റസ 2022 -23 അധ്യായന വർഷത്തെ പ്രവേശനോത്സവം ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ധാർമികമായ ചുറ്റുപാടിൽ നമ്മുടെ കുട്ടികളെ വളർത്തുന്നതിലൂടെ ഉത്തമമായ ഒരു സമൂഹത്തെ സൃഷ്ടിക്കുക എന്ന കടമയാണ് ഓരോ രക്ഷിതാക്കളും നിറവേറ്റേണ്ടത്. അത് കൊണ്ട് തന്നെ കുട്ടികൾക്ക് മതപരമായ അറിവുകൾ പകർന്നു നൽകുന്ന മദ്‌റസകൾ ഉത്തമമായ ഒരു ദൗത്യമാണ് നിറവേറ്റുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രവേശനോത്സവത്തിൽ “മക്കൾ : നാം നിരാശരാകണോ?” എന്ന വിഷയത്തിൽ വിസ്ഡം യൂത്ത് ജന:സെക്രട്ടറി താജുദ്ധീൻ സ്വലാഹി, "സ്നേഹപൂർവ്വം മക്കളോട്" എന്ന വിഷയത്തിൽ സലാഹുദ്ധീൻ സലാഹി എന്നിവർ സംസാരിച്ചു. ക്യു.കെ.ഐ.സി പ്രസിഡൻറ് മുജീബുറഹ്മാൻ മിശ്കാത്തിയുടെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടിയിൽ തർബിയ്യ വാർഷിക പരീക്ഷയിലെ ഉന്നതവിജയികൾക്കുള്ള അവാർഡ് ദാനം, അൽമനാർ മദ്റസ വെക്കേഷൻ ക്ലാസ് ക്വിസ് മത്സര വിജയികൾക്കുള്ള സമ്മാന വിതരണം എന്നിവ ഖത്തർ യൂനിവേഴ്സിറ്റി ലക്ചർ അസ് ലം കാളികാവ് നിർവ്വഹിച്ചു.
പുതിയ അധ്യായന വർഷത്തെ 1 മുതൽ 8 വരെ ക്ലാസുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചതായും കൂടുതൽ വിവരങ്ങൾക്ക് 55559756, 70188064 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണെന്നും മാനേജ്‌മന്റ് അറിയിച്ചു.ഷബീറലി അത്തോളി , ഉസ്മാൻ വിളയൂർ , മുഹമ്മദലി മൂടാടി, ഓ.എ കരീം എന്നിവർ സംബന്ധിച്ചു.
മീഡിയ വിംഗ്, QKIC