ദോഹ: മധ്യവേനലവധിക്കാലത്ത് നാടണയാൻ കൊതിക്കുന്ന പ്രവാസികളെ ചൂഷണം ചെയ്യുകയും യാത്രാ സൗകര്യങ്ങൾ നിഷേധിക്കുകയും ചെയ്യുന്ന വിമാന കമ്പനികളുടെ സമീപനം പ്രതിഷേധാർഹമാണെന്ന് ഖത്തർ കേരളാ ഇസ്ലാഹി സെൻ്റർ കൗൺസിൽ യോഗം അഭിപ്രായപ്പെട്ടു.
ജീവിതം കരുപ്പിടിപ്പിക്കാൻ കടൽ കടന്നെത്തിയ പ്രവാസികളെ കറവപ്പശുവായി മാത്രം കാണുകയും കൂടുതൽ പേർ യാത്ര ചെയ്യുന്ന അവധിക്കാലത്ത് അവരെ പരമാവധി പിഴിയുകയും ചെയ്യുക എന്ന രീതി കാലങ്ങളായി തുടർന്ന് വരുന്നു. ഇതിൽ മാറ്റം വരുത്താൻ ആവശ്യമായ നടപടികൾ എടുക്കുന്നതിൽ കേന്ദ്ര-സംസ്ഥാന ഭരണകർത്താക്കൾ പരാജിതരായി മാറിയതായും പ്രസ്തുത കൗൺസിൽ അഭിപ്രായപ്പെട്ടു.
അതോടൊപ്പം അവധിക്കാല യാത്ര ആസൂത്രണം ചെയ്ത് യാത്രക്കായി ഒരുങ്ങുന്ന ഈ സമയം തന്നെ ജീവനക്കാർ തങ്ങളുടെ ആവശ്യങ്ങൾ നേടിയെടുക്കാനുള്ള സമരത്തിന് തിരഞ്ഞെടുക്കുക കൂടി ചെയ്തത് യാത്രാ ദുരിതം കൂട്ടാനും കാരണമായി. പ്രവാസികൾ യാതൊരു മാനുഷിക പരിഗണന പോലും അർഹിക്കുന്നില്ല എന്ന നിലക്കുള്ള ഈ സമീപനം മാറ്റപ്പെടേണ്ടതായുണ്ടെന്നും അതിനായി ശക്തമായ ഒരു നീക്കം കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഭാഗത്ത് നിന്നു ഉണ്ടാവേണ്ടതുണ്ടെന്നും ഈ യോഗം അഭിപ്രായപ്പെട്ടു.
പ്രസിഡൻ്റ് കെ.ടി ഫൈസൽ സലഫിയുടെ അദ്ധ്യക്ഷതയിൽ സലത ജദീദ് ക്യു.കെ.ഐ.സി ഹാളിൽ നടന്ന കൗൺസിൽ യോഗത്തിൽ ജന:സെക്രട്ടറി മുജീബുറഹ്മാൻ മിശ്കാത്തി, സ്വലാഹുദ്ദീൻ സ്വലാഹി, ഖാലിദ് കട്ടുപ്പാറ, മുഹമ്മദലി മൂടാടി, ഉമർ ഫൈസി മുതലായവർ പങ്കെടുത്തു സംസാരിച്ചു.
Media & Press Wing,
QKIC