Blog Detaisl

ധാർമ്മിക മൂല്യങ്ങൾ മുറുകെ പിടിച്ച് മുന്നേറാൻ വിദ്യാർത്ഥി തലമുറ തയ്യാറാവണം: ടീൻസ്പേസ്

ദോഹ : തലമുറകളായി നമുക്ക് പകർന്ന് കിട്ടിയ ഉന്നതമായ ധാർമ്മിക ബോധം വ്യക്തി ജീവിതത്തിലും, സാമൂഹിക ജീവിതത്തിലും പകർത്തി സമൂഹത്തിന് മാതൃകയാവാൻ വിദ്യാർത്ഥി സമൂഹം തയ്യാറാവണമെന്ന്  കൗമാരപ്രായക്കാരായ വിദ്യാർത്ഥി-വിദ്യാർഥിനികൾക്കായി സംഘടിപ്പിച്ച ടീൻസ്പേസ് വിദ്യാർത്ഥി സംഗമം പ്രഖ്യാപിച്ചു.

 

ഹയർ സെക്കന്ററി വിദ്യാർത്ഥികൾക്ക് മതബോധവും ധൈഷണിക മൂല്യങ്ങളും പകർന്ന് നൽകുക, പുതിയ ഉപരിപഠന മേഖലകളും സാധ്യതകളും പരിചയപ്പെടുത്തുക, മൊബൈൽ ഫോണിനോടുള്ള ഗുണപരമല്ലാത്ത അമിതാസക്തി,  ലൈംഗിക അരാജകത്വം, വിധ്വംസക പ്രവർത്തനങ്ങൾ എന്നിവക്കെതിരെ ബോധ വൽക്കരണം നടത്തുക, വിദ്യാർത്ഥികൾക്കിടയിൽ പൊതുവിൽ കണ്ട് വരുന്ന ആത്മഹത്യാ പ്രവണത, വിരസത, ലഹരി ഉപയോഗത്തിലേക്കുള്ള പ്രവണത, ജനാധിപത്യ - രാഷ്ട്രീയ പ്രവർത്തനങ്ങളോട് വളരുന്ന അപകർഷത തുടങ്ങിയ പ്രശ്നങ്ങളെ ഫലപ്രദമായി കൈകാര്യം ചെയ്ത് പരിഹാരങ്ങൾ നിർദ്ദേശിക്കുക, ആരോഗ്യ സംരക്ഷണ രംഗത്ത് കൃത്യമായ നിർദ്ദേശങ്ങൾ നൽകുക, അവരുടെ കഴിവുകളും മികവുകളും രാജ്യത്തിനും സമൂഹത്തിനും വേണ്ടി ഉപയോഗപ്പെടുത്താൻ പ്രേരിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ സംഘടിപ്പിച്ച സംഗമത്തിൽ അധ്യാപകനും, കൗൺസിലറുമായ മുനവ്വർ സ്വലാഹി മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു.

 

 ഡോ.അബൂബക്കർ (ഖത്തർ യൂനിവേഴ്സിറ്റി) , ഫിറോസ് പി.ടി എന്നിവർ കരിയർ ഗൈഡൻസ് സെഷനിലും, ഡോ: സബീന അബ്ദുൽ സത്താർ ആരോഗ്യ സെഷനിലും സംബന്ധിച്ചു. സജീർ, ഡോ: അബ്ദുല്ല, ഹാഷിർ എന്നിവർ  ഫിസിക്കൽ ട്രെയിനിംഗ് സെഷന് നേതൃത്വം നൽകി.

 

വിവിധ ഇസ്‌ലാമിക വിഷയങ്ങളിൽ ഉൾക്കാഴ്ച നൽകിയ പാനൽ ഡിസ്കഷൻ,രക്ഷിതാക്കൾക്കായുള്ള പാരന്റിംഗ് സെഷൻ,  കുട്ടികൾക്കായുള്ള ലിറ്റിൽ കിഗ്ഡം തുടങ്ങിയ വിവിധ സെഷനുകളിൽ ചെയർമാൻ മുജീബ് റഹ്മാൻ മിശ്കാത്തി, കൺവീനർ മുഹമ്മദ് അസ്‌ലം കാളികാവ്, സ്വലാഹുദ്ധീൻ സ്വലാഹി, കെ.ടി. ഫൈസൽ സലഫി, മുർഷിദ് സുല്ലമി മങ്കട തുടങ്ങിയവർ വിദ്യാർത്ഥികളുമായി സംവദിച്ചു.