Blog Detaisl

ജെണ്ടർ ന്യൂട്രാലിറ്റി അടിച്ചേൽപ്പിക്കാൻ ഉള്ള നീക്കം ഉപേക്ഷിക്കണം : QKIC

ദോഹ: സമൂഹത്തിന്റെ എല്ലാ തലത്തിലുമുള്ള പുരോഗതിയും സാംസ്കാരികത്തനിമയും കാത്തുസൂക്ഷിക്കുന്നതിനാണ് വിദ്യാഭ്യാസത്തിലൂടെ നാം ലക്ഷ്യമിടേണ്ടതെന്നും,വളർന്നു വരുന്ന വിദ്യാർത്ഥി തലമുറയെ ബന്ധങ്ങൾക്കും, ധാർമ്മിക മൂല്യങ്ങൾക്കും വില കൽപ്പിക്കുന്ന ഉത്തമ സമൂഹമായി വാർത്തെടുക്കാനുതകുന്ന പാഠഭാഗങ്ങൾ വിദ്യാർത്ഥിതലമുറക്ക് നാം പകർന്ന് നൽകണമെന്നും ക്യു.കെ.ഐ.സി കൗൺസിൽ യോഗം ആവശ്യപ്പെട്ടു.

ഇതിനു പകരം,ജൻഡർ പൊളിറ്റിക്സിൻ്റെ പേരിൽ ലിബറൽ വാദികളുടെ ചതിക്കുഴികളിൽ സമൂഹത്തെ തളച്ചിടാനുള്ള ശ്രമങ്ങൾ നാം തിരിച്ചറിയണം. ഇത്തരം നിഗൂഢ അജണ്ടകൾക്ക് കരിക്കുലം കീഴൊതുങ്ങിയാൽ ഭാവിയിൽ വലിയ വില നാം നൽകേണ്ടി വരും. ജൻഡർ ന്യൂട്രാലിറ്റി പശ്ചാത്യ നാടുകളിൽ ജൻഡർ സിസ്ഫോറിയയിലേക്ക് വഴി മാറിയതിന്റെ പേരിൽ അനുഭവിക്കുന്ന മാനസികസംഘർഷങ്ങളെ കുറിച്ച് പഠനം നടത്താൻ കേരള സർക്കാർ തയ്യാറാവണമെന്നും QKIC കൗൺസിൽ മീറ്റ് അംഗീകരിച്ച പ്രമേയം ചൂണ്ടിക്കാട്ടി.

ധാർമ്മികത കാത്തു സൂക്ഷിക്കണമെന്ന് കരുതുന്ന, കുടുംബ സംവിധാനം നിലനിന്ന് കാണണമെന്ന് ആഗ്രഹിക്കുന്ന മുഴുവൻ മനുഷ്യരും ഈ വിഷയത്തിൽ ഇടപെടണം. അധ്യാപക സംഘടനകൾ, രാഷ്ട്രീയ പാർട്ടികൾ, സമുദായ സംഘടനകൾ, വിദ്യാഭ്യാസ വിചക്ഷണർ തുടങ്ങിയവരെല്ലാം ഇക്കാര്യത്തിൽ ഉണർന്നിരിക്കണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, പി ടി എ കമ്മറ്റികൾ എന്നിവയും വിഷയ പഠനം നടത്താൻ ശ്രദ്ധിക്കണമെന്നും കൌൺസിൽ കൂട്ടിച്ചേർത്തു.

യോഗത്തിൽ സി.ബി.എസ്.ഇ , കേരള സ്റ്റേറ്റ് സിലബസ് (10,+2) പരീക്ഷയിൽ ഉന്നത വിജയം നേടിയ അൽ-മനാർ മദ്റസ പൂർവ്വ വിദ്യാർത്ഥികളായ സുമയ്യ വി.എം,ആയിഷ അബ്ദുൽ ഹക്കീം, ദിൽറുബ കെ.ടി, ആയിഷ ലാമിയ, ഷിഫാൻ ഇല്യാസ്, മുഹമ്മദ് യാസീൻ വി. എം,റിനു ഫാത്തിമ എന്നിവരെ ഖത്തർ കേരള ഇസ്‌ലാഹി സെന്റർ അനുമോദിക്കുകയും ചെയ്തു. യോഗത്തിൽ മുജീബ് റഹ്മാൻ മിശ്കാത്തി, സ്വലാഹുദ്ധീൻ സ്വലാഹി , മുഹമ്മദലി മൂടാടി എന്നിവർ സംസാരിച്ചു.

 

മീഡിയ വിംഗ്, QKIC